
തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജിനെതിരായ ആക്രമണക്കേസിൽ അന്വേഷണത്തിന് വഴിത്തിരിവായി വനിതാ എസ്ഐയുടെ വെളിപ്പെടുത്തൽ. കെഎസ്യു പ്രതിഷേധത്തിനിടെ മന്ത്രി തെറിച്ചുപോയെന്ന് തന്റെ പേരിൽ രേഖപ്പെടുത്തിയ മൊഴി വ്യാജമാണെന്ന് മുൻ കണ്ണൂർ ടൗൺ എസ്ഐ ദീപ്തി പ്രത്യേക അന്വേഷണസംഘത്തെ അറിയിച്ചു. ആദ്യഘട്ട അന്വേഷണത്തിൽ തന്റെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്നും ദീപ്തി വ്യക്തമാക്കിയതായാണ് വിവരം.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണാ ജോർജിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയായിരുന്നു ദീപ്തി. പ്രതിഷേധത്തിനിടെ മന്ത്രിക്ക് നേരെ ആക്രമണമുണ്ടായെന്ന കേസിൽ നിർണായകമായേക്കാവുന്നതാണ് ഈ വെളിപ്പെടുത്തൽ.
അതേസമയം, കേസിൽ മൊഴി മാറ്റിയ മുൻ ഗൺമാൻ അഭിലാഷിനെതിരെ നടപടിക്ക് ശുപാർശ ചെയ്യാനൊരുങ്ങുകയാണ് എസ്ഐടി. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് സൂചന.
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന കെഎസ്യു പ്രതിഷേധവുമായി ബന്ധപ്പെട്ട് അഭിലാഷ് ആദ്യം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തത്. ആയുധം ഉപയോഗിച്ച് പ്രതിഷേധക്കാർ മന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്നായിരുന്നു ആദ്യ മൊഴി. എന്നാൽ, എസ്ഐടിക്ക് മുന്നിൽ നൽകിയ പുതിയ മൊഴിയിൽ ആക്രമണശ്രമം നേരിട്ട് കണ്ടിട്ടില്ലെന്ന് അഭിലാഷ് വ്യക്തമാക്കിയതായാണ് വിവരം.
വീണാ ജോർജിന്റെ നിർദേശപ്രകാരമാണ് തെറ്റായ മൊഴി നൽകിയതെന്നും അഭിലാഷ് അന്വേഷണസംഘത്തോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. മൊഴിയിലെ ഈ മാറ്റം ഗൗരവത്തോടെയാണ് എസ്ഐടി കാണുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ അഭിലാഷിനെതിരെ നടപടി ശുപാർശ ചെയ്യുന്ന റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. സംഭവത്തിൽ വീണാ ജോർജ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് അബിൻ വർക്കി എംഎൽഎയും രംഗത്തെത്തി.
അതിനിടെ, കേസിൽ പ്രതികളായ കെഎസ്യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെ അഞ്ച് പേരുടെ മൊഴി എസ്ഐടി രേഖപ്പെടുത്തി. എസ്ഐടി തലവൻ യു. പ്രേമന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധദിവസം നടന്ന സംഭവങ്ങളെക്കുറിച്ച് ഇവരിൽനിന്ന് വിശദാംശങ്ങൾ തേടിയത്.
ആദ്യഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്ത റെയിൽവേ പൊലീസ് ഇൻസ്പെക്ടറുടെ മൊഴിയും രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മൊഴികളിലെ വൈരുധ്യങ്ങളും കേസ് രജിസ്റ്റർ ചെയ്ത സാഹചര്യങ്ങളും എസ്ഐടി പരിശോധിച്ചുവരികയാണ്.










